ലണ്ടനിലെ മഹാ അഗ്നിബാധ
1666 സെപ്റ്റംബർ 2 ഞായറാഴ്ച മുതൽ സെപ്റ്റംബർ 5 വരെ ലണ്ടൻ നഗരത്തിൽ ഉണ്ടായ വിനാശകരമായ അഗ്നിബാധയാണ് ലണ്ടനിലെ മഹാ അഗ്നിബാധ(ഇംഗ്ലീഷ്:Great Fire of London). ഈ തീപ്പിടുത്തത്തിൽ ലണ്ടൻ നഗരത്തിന്റെ കേന്ദ്രഭാഗങ്ങൾ മിക്കവയും കത്തിയമർന്നു. പഴയ റോമൻ സിറ്റി മതിൽക്കെട്ടിലുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെന്തുവെണ്ണീറാക്കപ്പെട്ടു. പ്രഭുക്കന്മാരുടെ വാസസ്ഥാനമായ വെസ്റ്റ്മിൻസ്റ്റർ പട്ടണവും, ചാൾസ് രണ്ടാമന്റെ വൈറ്റ്‌ഹാൾ കൊട്ടാരവും, മറ്റു ചില ചേരി പ്രദേശങ്ങളിലും ഈ തീ അപായം സൃഷ്ടിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അവിടെ വരെ എത്താൻ കഴിഞ്ഞിരുന്നില്ല. ഏകദേശം 13,200 വീടുകളും 87 പുരോഹിത പള്ളികളും അഗ്നിക്കിരയായി. അതുപോലെ 1087-1314 കാലഘട്ടത്തിൽ നിർമ്മിച്ച സെന്റ്, പോൾസ് പള്ളിയും ഒട്ടുമിക്ക അധികാരകേന്ദ്രങ്ങളും കത്തിയമർന്നവയിൽപ്പെടുന്നു. നഗരത്തിലെ സ്ഥിരനിവാസികളായ 80,000 പേരിൽ 70,000 പേർക്കും അവരുടെ വാസസ്ഥാനം നഷ്ടമായി. ഈ തീപ്പിടുത്തത്തിൽ ആകെ എത്ര പേർ മരണപ്പെട്ടു എന്നു ഔദ്യോഗിക കണക്കുകളില്ലെങ്കിലും മരണസംഖ്യ വളരെക്കൂടുതലല്ല, ഉറപ്പായ മരണസംഖ്യയായി രേഖപ്പെടുത്തിയിരിക്കുന്നത് ആറെണ്ണമാണ്. എന്നാൽ ഈ കണക്കുകൾ വസ്തുനിഷ്ഠമല്ലെന്നും പാവപ്പെട്ടവരും ഇടത്തരക്കാരുമായ ആൾക്കാരുടെ എണ്ണം ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്നുമുള്ള വിമർശനങ്ങളുണ്ട്. തീയുടെ ചൂട് കാരണം ധാരാളം ആളുകൾ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.